Pages

Sunday, January 8, 2012

സ്വപ്നം


ജോലിസ്ഥലത്ത്  അത്രക്കൊന്നും തിരക്കില്ലായിരുന്ന ഒരു ദിവസമായിരുന്നു അപ്രതീക്ഷിതമായി അമ്മയുടെ ഫോണ്‍ വന്നത് . ടീച്ചര്‍ വെന്റിലെട്ടരില്‍ ആണ്  പ്രതീക്ഷ വേണ്ട എന്ന് ഡോക്ടര്‍മാര്‍  അറിയിച്ചു എന്ന്  പറഞ്ഞു . അമ്മയുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു . ഒരു ഹാഫ് ലീവും എഴുതി വച്ച്  റൂമും പൂട്ടി  ഇറങ്ങാന്‍ അധികം നേരം ഒന്നും വേണ്ടി വന്നില്ല .

.എന്റെ അമ്മയും ടീച്ചര്‍ ഉം  ഒരേ ദിവസം ജോലിയില്‍ പ്രവേശിച്ചവര്‍ ആയിരുന്നു .പത്ത് മുപ്പത് വര്‍ഷത്തോളം ഒരേ സ്കൂളില്‍ . പ്രിയപ്പെട്ട കൂട്ടുകാരിയുടെ അമ്മ മാത്രമായിരുന്നില്ല ടീച്ചര്‍ എനിക്ക് എനിക്ക് അമ്മ തന്നെ ആയിരുന്നു അവരും . കുഞ്ചീ  എന്നല്ലാതെ ടീച്ചര്‍ വിളിച്ചിരുന്നില്ല എന്നെ . കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും അമ്മ പറഞ്ഞത് ടീച്ചര്‍ സുഖായി ഇരിക്കുന്നു , പ്രകൃതി ചികിത്സക്ക് ശേഷം ഹാര്‍ട്ട്‌ ന്റെ അസുഖത്തിന് നന്നായി കുറവുണ്ട് എന്നയിരുന്നുവല്ലോ എന്നോക്കേം ഓര്‍ത്തു ഞാന്‍ .

ഐ സി യു വിനു മുന്നേ അധികം പേര്‍ ഉണ്ടായിരുന്നില്ല . ആരെയും കാത്തുനില്‍ക്കാതെ ആരെങ്കിലും ബന്ധുക്കള്‍ ഉണ്ടോ എന്ന് അറിയാന്‍ ഉള്ള സാമാന്യ മര്യാദ പോലും ഓര്‍ക്കാതെ സിസ്റ്റര്‍ റൂം തുറന്നപ്പോഴേ അകത്തേക്ക്  കയറി  ചെന്ന്  . പാതി ഉയര്‍ത്തി വെക്കപ്പെട്ടിരുന്ന ഹോസ്പിറ്റല്‍ ബെഡില്‍ തല ചെരിച്ചു കണ്ണടച്  ടീച്ചര്‍ കിടന്നിരുന്നു.  ചങ്ക് പൊട്ടുന്ന തേങ്ങലിനെ പല്ല് കടിച്ചു പിടിച്ചു  ശബ്ദമില്ലാതാക്കി  ഞാന്‍ അരികിലേക്ക് ചെന്ന് . എനിക്ക് ടീച്ചര്‍ നെ തൊടണം എന്ന് തോന്നി  .അല്ലെങ്കില്‍ പിന്നെ എനിക്കൊരിക്കലും അതിനവില്ലെന്നും . വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഞാന്‍ ടീച്ചര്‍ ന്റെ തണുത്ത മുഖത്ത് തലോടി , കഴുത്ത് വരെ മൂടിയ പുതപ്പിന്റെ അറ്റം പയ്യെ താഴേക്ക്‌ മാറിയപ്പോള്‍ ഞാന്‍ ഞെട്ടി. കഴുത്തിനു ചുറ്റും ചുവന്ന തടിച്ചു തിണര്‍ത്  കിടന്നിരുന്നു .വല്ലാതെ പേടിച്ചു പോയ ഞാന്‍ കരച്ചിലോടെ തന്നെ അവിടെ കണ്ട സിസ്റ്റര്‍ നോട് ചോദിച്ചു ഇതെന്താ ഇങ്ങനെ  ന്നു  . മുഖത് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവര്‍ എന്നോട് മതി കണ്ടത് എന്നും പുറത്ത് പൊക്കോളും പറഞ്ഞു .  പുറത്തിറങ്ങിയപ്പോള്‍ ടീച്ചര്‍ ന്റെ  അവസ്ഥയെക്കാള്‍ ഞാന്‍  ചിന്തിച്ചത് കഴുത്തില്‍ തിണര്‍ത് കിടക്കുന്ന ചോരച്ച  പാടുകളെ പറ്റി ആയിരുന്നു . ചുവന്ന നിറത്തില്‍ തടിച്ചു കഴുത്തിനു ചുറ്റും പാടുകള്‍ . അങ്ങിനെ യുള്ള പാടുകള്‍ കഴുത്തില്‍ വരണമെങ്കില്‍ .... മനസ്സ് വേണ്ടാത്ത വഴികളിലൂടെ ആണല്ലോ സഞ്ചരിക്കുന്നത് എന്ന് ഞാന്‍ ഭയത്തോടെ ഓര്‍ത്തു .

                                           വീട്ടിലേക്കുള്ള വഴിയില്‍ ഞാന്‍ ടീച്ചര്‍ ന്റെ ഒപ്പം തന്നെ ആയിരുന്നു .ടീച്ചര്‍ ന്റെ വീട്ടില്‍ കയറാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല കുട്ടിക്കാലത്ത് . രാവിലെ സ്കൂളില്‍ പോകുന്ന വഴി അവിടെ കയറി അരമതിലില്‍ ഇരിക്കുന്ന ചന്ദനം എടുത്ത് നെറ്റിയില്‍ തൊട്ട് , വാഴയിലയിലെ തുളസി ഇലയും തെച്ചി പൂവും ഒക്കേം എടുത്ത് മുടീല്‍ വച്ച്  അല്ലാണ്ട്  സ്കൂളിലേക്ക് പോയിരുന്നില്ല . അവിടെ എന്റെ പ്രിയ പ്പെട്ട കൂട്ടുകാരിയും ഉണ്ടായിരുന്നു . സ്കൂളിലെ തന്നെ എന്തെങ്കിലും തിരക്കായി അമ്മ വൈകുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ ഇവിടെ തന്നെ ആയിരുന്നു അമ്മയെ കാത്തിരുന്നത് . അവല്‍ വിളയിച്ച്ചതിനും ചക്ക അടക്കും ഒക്കെ ടീച്ചര്‍ ഉണ്ടാക്കിത്തരുന്നതിന്റെ രുചി ഇല്ല എന്നും പറഞ്ഞു എത്രയോ വട്ടം അമ്മയോട് വഴക്ക കൂടിയിരിക്കുന്നു . വീട്ടില്‍ ചെല്ലുന്ന ഇടവേളകളില്‍  പറ്റും പോലെ ഓടി ചെന്ന്  ടീച്ചര്‍ നെ കാണാന്‍  മറന്നിരുന്നില്ല  താനും 
 
                                           ഭര്‍ത്താവിന്റെ മരണ ശേഷം വല്ലാത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു ടീച്ചര്‍ എന്ന് അമ്മ പറഞ്ഞിരുന്നു .  ടീച്ചര്‍ ന്റെ രണ്ടു സഹോദരങ്ങള്‍ , പിന്നെ ഒരു സഹോദരി പുത്രി ഇവരൊക്കെയും സ്വയം മരണം തിരഞ്ഞെടുത്തിരുന്നു എന്നും .അങ്ങനെ ഒരു വിധി തനിക്കും വന്നേക്കാം എന്ന് ടീച്ചര്‍ ഭയപ്പെട്ടിരുന്നതയും  , ഒരുപാട് പൂജകള്‍ വഴിപാടുകള്‍ ഒക്കെയും നടത്തിയിരുന്നതായും അമ്മ പറഞ്ഞു അറിഞ്ഞിരുന്നു . അമ്മയും തിരക്കായിരുന്നു . സുഖമില്ലാത്ത , ഭക്ഷണം കഴിക്കാന്‍ പോലും സഹായം വേണ്ടി വന്ന രണ്ടു പേരെ വീട്ടില്‍ ശുശ്രൂഷിക്കുന്ന കാലം ആയിരുന്നു . അതുകൊണ്ട് ടീച്ചര്‍ നെ ഇടക്കൊക്കെ പോയ്‌ കാണാന്‍ പോലും ആവുന്നില്ലെന്ന  സങ്കടം  അമ്മ മിക്കപ്പോഴും പറഞ്ഞിരുന്നു .

പുതിയെ വീടിന്റെ ഉമ്മറത്ത്‌ ടീച്ചര്‍ കണ്ണടച്ച്  കിടന്നിരുന്നു . തലക്കീല്‍ നിലവിളക്ക് കത്തുന്നുണ്ടായിരുന്നു. ചങ്ക് പൊട്ടി കരയുന്ന എന്റെ കൂട്ടുകാരിയുടെ  അടുത്ത് പോയി ഇരുന്നു  , അവളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആവാതെ . കഴുത്തില്‍ കണ്ട അസാധാരണമായ പാടുകളെ പറ്റി  , മരണം ടീച്ചര്‍ നെ തേടി വന്നതാണോ ടീച്ചര്‍ മരണത്തെ തേടി പോയതാണോ എന്നൊക്കെ ചിന്തിക്കാന്‍ പറ്റിയ സമയം  ആയിരുന്നില്ല താനും .

                                  ചെറുതായി മുഷിഞ്ഞു തുടങ്ങിയ സെറ്റ് മുണ്ട് ഒക്കേം ഉടുത്ത് ആ പഴേ കുഞ്ഞ് വീടിന്റെ വരാന്തയില്‍ ടീച്ചര്‍ ഇരുന്നു . പതിവ് പോലെ അര മതിലില്‍ ഞാനും . അവിടിരുന്നു കുറെ നേരം സംസാരിച്ചു . ടീച്ചര്‍ ചിരിക്കുന്നുണ്ടായിരുന്നു . സംസാരത്തിന്റെ ഇടവേളകില്‍ എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ ചുറ്റും ഇരുട്ടായിരുന്നു . ടീച്ചര്‍ , അവരുടേ ആ പഴേ കുഞ്ഞ് വീട് ഇതൊന്നും ഇപ്പൊ ഇല്ലെന്നും ഞാന്‍ എന്റെ കിടപ്പ് മുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നും പതുക്കെ എനിക്ക് ബോധ്യപ്പെട്ടു . ടീച്ചര്‍ പറഞ്ഞോണ്ട് ഇരുന്നത് മുഴുവന്‍ കേള്‍ക്കണം ന്നു തോന്നി . ആ വീട്ടില്‍ പോണമെന്നും അവരുടേ അടുത്ത് ഇരിക്കണം ന്നും ഒക്കേം എനിക്ക് വല്ലാണ്ട്  ആഗ്രഹം തോന്നി   . ആ വെന്റിലെട്ടര്‍ മുറി  , അവരെ അവസാനമായി സ്പര്‍ശിച്ചത് ഒക്കേം ഓര്‍ത്ത് ഞാന്‍ തലയിണയില്‍ മുഖമമര്‍ത്തി ശബ്ദം ഇല്ലാതെ കരഞ്ഞു . അടുത്ത് ശാന്തമായി ഉറങ്ങുന്നവരെ ഉണര്‍ത്താതെ വേണമല്ലോ . എനിക്കിനി ഉറങ്ങാന്‍ ആവില്ലെന്ന് ഉറപ്പായിരുന്നു . കിളികള്‍ കരയുന്ന പുലരിക്കു കാതോര്‍ത്ത് ഉറങ്ങാതെ ഒരു രാത്രി കൂടി . ഞാന്‍ ഓര്‍മ്മകളെ ആണോ എന്നെ ഓര്‍മ്മകള്‍ ആണോ ചുമന്ന് കൊണ്ട് നടക്കുന്നത് എന്നു ചിന്തിച്ചു കൊണ്ട് . ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്  ഒരിക്കലും കാണാന്‍ , മിണ്ടാന്‍ പറ്റാത്ത വിധം ഒരുപാട് ദൂരേക്ക്‌ പോയ ചിലരുടെ ഓര്‍മ്മകള്‍ എന്നില്‍  എത്രമാത്രം പച്ച പിടിച്ചിരിക്കുന്നു എന്ന്  സ്വപ്നങ്ങളുടെ കാവല്‍ മാലാഖ മാര്‍ക്ക് അറിയാമായിരിക്കണം. അത് കൊണ്ടാവണം അവരെയും കൊണ്ട്  എന്റെ സ്വപ്നങ്ങളില്‍ വരാനും എന്നോട് ഒത്തിരീം സംസാരിക്കനും ഒക്കേം ഉള്ള കരുണ മാലാഖമാര്‍ കാണിക്കുന്നത് .                                                  

Thursday, September 22, 2011

പ്രിയം


വര്‍ഷങ്ങള്‍ക്ക് മുന്നേ മലയാള മനോരമ സണ്ടേ സപ്ലിമെന്റില്‍ ( അത് സണ്ടേ സപ്ലിമെന്റിന്റെ കാലം ആയിരുന്നു എന്നോര്‍ക്കുന്നു ) പ്രസിദ്ധീകരിച്ച ജയശ്രീ മിശ്ര എന്ന പഴയ ക്ലാസ്മേറ്റ് നെ കുറിച്ച് ഉള്ള ഓര്‍മ്മ കുറിപ്പുകള്‍ ആയിരുന്നോ , അതോ വാര്‍ഷികപ്പതിപ്പില്‍ കണ്ട 'അതാ നോക്കൂ ഒരു പല്ലി'  എന്ന കഥ ആയിരുന്നോ  പ്രിയ .എ .എസ് -ന്റെത് ആയി ആദ്യം വായിച്ചത് എന്ന് കൃത്യമായി ഓര്‍മ്മയില്ല . എന്തായാലും ഒരു കാര്യം ഉറപ്പാണ്‌ , ഒരു പുസ്തകം കൈയ്യില്‍ കിട്ടുമ്പോള്‍ ,  അതിന്‍റെ  ഉള്ളടകം നോക്കുമ്പോ  കഥ   - പ്രിയ എ എസ് എന്ന് കണ്ടാല്‍ ഉടനെ  പേജ് നമ്പര്‍ നോട് ചെയ്ത് അതേ കഥ തിരഞ്ഞു വായിക്കാന്‍ മാത്രം ഒരിഷ്ടം ആ എഴുത്ത് കാരിയോട് അല്ലെങ്കില്‍ അവരുടേ എഴുത്തിനോട് തോന്നാന്‍ മാത്രം ആ വായനകള്‍ എന്നെ സ്വാധീനിച്ചു . പഴയ പിജി ക്ലാസ്  കൂട്ടുകാരിയെ പറ്റി ഉള്ള് തുറന്നു പ്രിയ സപ്ലിമെന്റില്‍   എഴുതിയിരുന്നു  എന്നോര്‍ക്കുന്നു  .   ഭാര്യ മരിച്ച് ഒരുവന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ വരുന്നത് , അവരുടേ  രാവുകള്‍ പകലുകള്‍ ഒക്കെ ഒരു പല്ലിയുടെ കാഴ്ചപ്പാടില്‍ നിന്നു  വിവരിച്ചിരുന്നു  അതാ നോക്കൂ ഒരു പല്ലി എന്ന കഥയില്‍ 

പിന്നെയും പല വനിത പ്രസിദ്ധീകരണങ്ങളിലും  ലേഖനങ്ങളും ഒക്കെ കണ്ടിരുന്നതായി ഓര്‍ക്കുന്നു . അങ്ങിനെ ഇരിക്കെ ഒരു ദിവസം നല്ല തിരക്കുള്ള ഒരു എരമല്ലൂര്‍ ബസ്സില്‍ വച്ച് പ്രിയയെ കണ്ടു . നേരത്തെ വനിതയില്‍ ഫോട്ടോ കണ്ടിട്ടുണ്ടായിരുന്നു.  അത് കൊണ്ട് തന്നെ ഇതാ  എഴുതുന്ന പ്രിയ അല്ലേ എന്ന കൌതുകത്തോടെ   നോക്കി . പിന്നെ ഒരു ദിവസം ഡിഗ്രി സര്ടിഫികറ്റ് വാങ്ങാന്‍  പോയപ്പോള്‍ കോട്ടയം മഹാത്മാ ഗാന്ധി യൂനിവേര്സിടിയില്‍ വച്ചും പ്രിയയെ കണ്ടു , കണ്ടു എന്ന് മാത്രം  അല്ലാതെ   അന്നൊന്നും  ഓഡി പോയ്‌ പരിചയപെടാനും മാത്രം അടുത്ത് ആയിരുന്നില്ല  .

പിന്നീട് എപ്പോഴോ ആണ് കുഞ്ഞുന്നാളില്‍ വന്ന അസുഖങ്ങളെ പറ്റി , ആശുപത്രി വാസത്തെ കുറിച്ച് എഴുതിയത് ഒക്കെ വായിക്കുന്നത്  .ഇതൊന്നും നേരത്തെ വയിച്ച്ചിരുന്നില്ലല്ലോ , എങ്കില്‍ ഞാന്‍ അന്നു ആ ബസ്സില്‍ ബാഗ് പിടിച്ചതിനു പകരം എഴുന്നേറ്റു സീറ്റ് കൊടുക്കേണ്ടിയിരുന്നത് ആയിരുന്നല്ലോ എന്നൊക്കെ ചിന്തിച്ചിരുന്നു . 

വര്‍ഷങ്ങള്‍ക്ക് ശേഷം വായന ഞാന്‍ അറിഞ്ഞോ അറിയാതെയോ എന്റെ ജീവിതത്തില്‍ നിന്നും ഇറങ്ങി പ്പോയിരുന്നു ,  വായാടിയും തന്നിഷ്ടക്കരിയും എടുത്തു ചാട്ടക്കാരിയും ഒക്കെ ആയിരുന്ന ഒരു പെണ്‍കുട്ടിയില്‍ നിന്നും ഒരൊറ്റ രാത്രി കൊണ്ട് വീട്ടിലെ കാര്യങ്ങള്‍ എല്ലാം നോക്കാന്‍ അമ്മായി അമ്മയെ സഹായിക്കുന്ന , മറുത്തൊരക്ഷരം പറയാതെ ഏല്‍പ്പിക്കുന്ന ജോലി ചെയ്യുന്ന , മരുമകള്‍ ആയി ,  രണ്ടാം ക്ലാസ്കാരിയുടെ കൂടെ കളിക്കുന്ന , അവളുടെ കാര്യങ്ങള്‍ നോക്കുന്ന   ആന്റി ആയി , ഒരു പരകായ പ്രവേശനം  . ഇത് ഞാന്‍ തന്നെ ആണോ ദൈവമേ എന്ന അമ്പരപ്പ് . പിന്നെ ഒരു വര്‍ഷം ആയപ്പോള്‍ തന്നെ കൈവന്ന അമ്മത്തം , അങ്ങിനെ അങ്ങിനെ വായന ഉള്‍പ്പെടെ എന്റെ പല ഇഷ്ടങ്ങള്‍ ഇഷ്ടങ്ങള്‍ എന്നതിലുപരി പല ശീലങ്ങളും മറന്നു പോയ നാളുകള്‍ .  അതിനിടെ നിനച്ചിരിക്കാതെ കൈവന്ന അധ്യാപക വേഷം , അതിലൂടെ  , സ്കൂള്‍ ലൈബ്രറിയിലെ മലയാള പുസ്തകങ്ങള്‍ ഒക്കെ എടുത്ത് കൊണ്ട് പിന്നെയും വായനയിലേക്ക് ,  അതിനിടെ ഒരു ദിവസം ആണ്
ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയയുടെ ഒരു ലേഖനം ശ്രദ്ധയില്‍ പെട്ടത് , ഗൃഹ ലക്ഷ്മി മാസികയില്‍ . കുഞ്ഞുണ്ണി ( മകന്‍ ) യുടെ  വരവിനെ കുറിച്ച്  , അതിനു വേണ്ടി ഉണ്ടായ ദീര്‍ഘമായ കാത്തിരിപ്പിനെ കുറിച്ച് , മനസ്സ് വിഷമിപ്പിച്ച്ച്ച ചില അനുഭവങ്ങളുടെ  മേമ്പൊടിയോടെ പ്രിയ വിവരിച്ചിരുന്നു .
വായിച്ച് കഴിഞ്ഞെനിക്കുടനെ  തോന്നിയത് ഒരു കത്തെഴുതണം എന്നായിരുന്നു . പിന്നെ അഡ്രെസ്സ്  എങ്ങിനെ ഒപ്പിക്കാം എന്നുള്ള ചിന്ത ആയി , ഏറ്റുമാനൂര്‍ അമ്പലത്തിനു അടുത്ത് ആണ് വീട് എന്ന് എഴുതീട്ടുണ്ട് , അപ്പൊ നിയര്‍ ഏറ്റുമാനൂര്‍ അമ്പലം , ഏറ്റുമാനൂര്‍ എന്ന് അഡ്രെസ്സ് വച്ച് അയച്ചാലോ എന്ന്  ചിന്തിച്ച് കാട് കയറി , ഗൂഗിള്‍ സേര്‍ച്ച്‌ നടത്തി , എന്തിന് പ്രിയ എ എസ് നു ബ്ലോഗു ഉണ്ടോ ഓര്‍കൂട്ട് പ്രൊഫൈല്‍ ഉണ്ടോ എന്ന് വരെ സേര്‍ച്ച്‌ ചെയ്ത് .മാതൃഭൂമിയില്‍ വിളിച്ച് പ്രിയ എന്ന എഴുത്ത്കാരിടെ അഡ്രെസ്സ് ഒന്ന് തരാവോ എന്ന് ചോദിച്ചാലോ എന്ന് ചിന്തിച്ചു ..

എന്നത്തെയും പോലെ    ,അല്ലെങ്കില്‍  മറ്റു പല ഇഷ്ടങ്ങളെയും പോലെ   ഇതും മറവിയിലേക്ക് തള്ളപ്പെട്ടു . ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജോലി സ്ഥലത്ത് നിന്നും ഇറങ്ങിയതാണ്  , കുറച്ചകലെ വഴിയില്‍ ഒരു കാര്‍ , കാര്‍ തുറന്നു കയറാനായി നില്‍ക്കുന്ന ഒരു മുടി ഷോര്‍ട്ട് കട്ട് ചെയ്ത ഒരു ചുരിദാര്‍ കാരി , അത് പ്രിയ തന്നെ ആണ് എന്ന് ഉറപ്പിച്ചു . ആയിരുന്നു താനും .ഞാന്‍ പ്രിയയിലെക്ക് നടന്നെത്തുന്നതിനും മുന്നേ തന്നെ അവര്‍ കാറില്‍ കയറി പോവാന്‍ ഉള്ള സാദ്ധ്യത തള്ളിക്കളയാവുന്നത് ആയിരുന്നില്ല   ( പണ്ട് സച്ചിന്‍ ബൂസ്ടിന്റെ പരസ്യത്തില്‍ പറയുന്നത് പോലെ , ഐ ഡിഡ് ഇന്റു വാണ്ട്‌ ടു മിസ്‌  ഇറ്റ്‌ /ഹെര്‍ ദിസ്‌ ടൈം   )  ഒറ്റ ഓട്ടം വെച്ചു കൊടുത്തു ഞാന്‍ ,  അവരുടേ അടുത്ത് ചെന്നാണ് നിന്നത്! ഒറ്റ ശ്വാസത്തില്‍  കുറെ സംസാരിച്ചു . കുഞ്ഞുണ്ണിയെ കുറിച്ച് ഉള്ള കുറിപ്പിനെ കുറിച്ച് , അവനിപ്പഴും സ്വപ്നത്തിലെ ഡോക്ടറിന്റെ ഫേസ് കട്ട് ഉണ്ടോ എന്ന് വരെ ചോദിച്ചു !!
വളരെ സൌമ്യതയോടെ അവര്‍ സംസാരിച്ചു . ഫോണ്‍ നമ്പര്‍ വാങ്ങി ആണ് പിരിഞ്ഞത് .
പിന്നെയും കുറെ തവണ കണ്ടുമുട്ടി ,  അവസാനം കണ്ടത്  കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്ന
തര്‍ജിമ  യുടെ പ്രകാശന ചടങ്ങിനിടയില്‍ ആയിരുന്നു  . കമ്പ്യൂട്ടര്‍ സംബന്ധി ആയ ഒരു പുസ്ടകം തേടി ഇറങ്ങിയ ഞാന്‍   DC  ആ അന്താരാഷ്ട്ര പുസ്തക മേളയില്‍  എത്തുകയും അപ്രതീക്ഷിതമായി  അരുന്ധതിയുടെ കൈയ്യോപ്പോടെ  പ്രിയയുടെ തര്‍ജിമയും വാങ്ങി മടങ്ങുകയും ചെയ്ത് . 

Thursday, April 28, 2011

എന്റെ മഴവില്‍ പരീക്ഷണങ്ങളിലേക്ക്   ,നിറങ്ങള്‍ ചാലിക്കുന്ന ഒരു പുതിയ ബ്ലോഗിലേക്ക് ഇത് വഴി  http://ekperimentrainbow.blogspot.com/

Sunday, December 19, 2010

Sunday, November 28, 2010

നീലക്കുറിഞ്ഞികള്‍

ഗേറ്റ് അടക്കാന്‍ ഇറങ്ങിയപ്പോള്‍ ആണു സുനു ചേച്ചിയെ കണ്ടത് . മക്കളുടെ  പഠിത്തം  ,മറ്റു തിരക്കുകള്‍ പറയവേ ആണു ചേച്ചി പറഞ്ഞത് .ആഴ്ചയില്‍ ഒരിക്കെ നമ്മുടെ ഭായിയുടെ (ഗൂര്‍ഖ ) ഭാര്യ സഹായിക്കാന്‍ വരും എന്ന് . അയാള്‍ടെ രണ്ടാമത്തെ ഭാര്യ ഗര്‍ഭിണി ആണു . എന്ന് ചേച്ചി സാധാരണ മട്ടില്‍ പറഞ്ഞത് ഞാന്‍ ആശ്ചര്യത്തോടെ ആണു കേട്ടത് .അതിലെ പോണ  വഴിയെ രണ്ടു സ്ത്രീകളെ ഞാന്‍ കണ്ടതായിരുന്നു . പുതിയ മുഖത്തിന്റെ ഉടമയുടെ വലിയ വയറും.
"പത്ത് പതിനഞ്ച് വര്ഷം ആയില്ലേ കല്യാണം കഴിഞ്ഞിട്ട് .മക്കള് ഇല്ലാത്തതിനാല്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും നല്ല വിഷമം ആയിരുന്നു . ഭാര്യ കൂടി നിര്‍ബന്ധിച്ചിട്ടു ആണു അയാള്‍ അവരുടെ നാട്ടില്‍ പോയി വന്നപ്പോള്‍ വീണ്ടും കല്യാണം കഴിച്ചു കൊണ്ട് വന്നത് .

യാത്രാ പറഞ്ഞ് ചേച്ചി പോയെങ്കിലും എന്റെ മനസ്സില്‍ നിന്നും ഗൂര്ഖയും ഭാര്യയും ഇറങ്ങി പോയില്ല . വര്‍ഷങ്ങള്‍ക്ക് മുന്നേ മോനുവിനെ ഞാന്‍ പ്രേഗ്നെന്റ്റ് ആയിരുന്ന സമയത്ത് വൈകുന്നേരം പൂച്ചെടികള്‍  നനക്കാന്‍ ഇറങ്ങുന്ന നേരം ഭായിയും ഭാര്യയും വഴിയില്‍ കൂടെ പോകവേ സംസാരിക്കുമായിരുന്നു . മേം സാബ് എന്ന് വിളിക്കുമ്പോള്‍ എനിക്ക് വല്ലാത്ത ജാള്യത തോന്നുമായിരുന്നു .. ഒരിക്കല്‍ അവര് പറഞ്ഞ്  ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ല .. കല്യാണം കഴിഞ്ഞിട്ട് പാന്ച് സാല്‍ ആയി എന്നൊക്കെ .മോനുവിനേം കൊണ്ട് ഞാന്‍ വന്നപ്പോളേക്കും സുഖം ഇല്ലാത്ത മാതാപിതാക്കളെ നോക്കാന്‍ ആയി അയാള്‍ ഭാര്യയെ നാട്ടില്‍ ആക്കിയിരുന്നു .വല്ലപ്പോഴും വരുമ്പോള്‍ അല്ലെങ്കില്‍ മോനെയും കൊണ്ട് ഞാന്‍ നടക്കാന്‍ ഇറങ്ങുമ്പോള്‍ ഒരുപാട് സ്നേഹത്തോടെ ഭായി മോനെ കൊഞ്ചിക്കുംയിരുന്നു ,ഒരിക്കലും എടുക്കാന്‍ കൈനീട്ടി ഇരുന്നില്ല ,എങ്കില്‍ പോലും ..മക്കള് ഇല്ലാത്ത ദുഖം അയാളുടെ കണ്ണുകളില്‍ കാണാമായിരുന്നു .
ഒരിക്കല്‍ അയാള്‍ നാട്ടില്‍ നിന്നു വന്ന സമയം ആയിരുന്നു .കോളിംഗ് ബെല്‍ കേട്ടിട്ടാണ് ഗെറ്റ് തുറന്നത് . ഗൂര്ഖയാണ് .. കൈയ്യില്‍ എന്തോ നീട്ടി പിടിച്ചിരിക്കുന്നു .ഒരു ചെറിയ കടലാസ്സ്‌ ക്ഷണത്തില്‍ ശര്‍ക്കര പോലെ എന്തോ ഒന്ന് .. " മേം സാബ്‌ ,,മുന്നേ കോ ദേ ദീജിയെഗ .. അപ്നെ ഗാവ് സെ ലായ മൈം ."
ഞാന്‍ അത് വാങ്ങി .പനം ശര്‍ക്കര  പോലെ എന്തോ ഒന്ന് .
അതും കൊണ്ട് വന്നപ്പോള്‍ അമ്മ ചോദിച്ചു എന്താ .. അത് ?
ഞാന്‍ പറഞ്ഞ് നമ്മുടെ ഗൂര്‍ഖ മോനു കൊണ്ടേ തന്നതാണ് ..
അമ്മക്ക് സംശയം ആയിരുന്നു .കൊടുക്കാനോ കൊച്ചെ വൃത്തി ഒക്കെ ഉണ്ടാവുവോ .
"കൊടുക്കണം അമ്മെ  ..അല്ലെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ വിശ്വാസങ്ങള്‍ ഒക്കെ അര്‍ഥം ഇല്ലാത്തത് ആവില്ലേ .. ഒരു കുഞ്ഞിനു വേണ്ടി ആ മനുഷ്യന്‍ എന്തോരം കൊതിക്കുന്നുണ്ടാവണം. അത്രയും ദൂരെ നിന്നും നമ്മുടെ കുഞ്ഞിനായി അയാളുടെ സ്നേഹം ആണു യീ പൊതിയില്‍ .. അത് കൊടുത്തില്ലെങ്കില്‍ ... " എനിക്കെന്തിനോ സങ്കടം വരുന്നുണ്ടായിരുന്നു .
എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .മോനു ഇന്ന് നാലാം ക്ലാസ്സില്‍ ആണു. ഒരു കുഞ്ഞിനുവേണ്ടി ഇപ്പോള്‍ കാത്തിരിക്കുന്നത് ഭായിയും ഭാര്യയും മാത്രം അല്ല .അയാളുടെ രണ്ടാമത്തെ ഭാര്യയും ...   ആരോഗ്യം ഉള്ള ഒരു കുഞ്ഞു ജനിക്കട്ടെ  ..രണ്ടമ്മമാരുടെ , അച്ഛന്റെ സ്നേഹം ആവോളം ആ കുഞ്ഞിനു , തിരിച്ചും ലഭിക്കട്ടെ   ..ഭായിയുടെ പാവം ആദ്യത്തെ ഭാര്യ ഒറ്റപ്പെടതിരിക്കട്ടെ......അത്രമാത്രം ...





വാല്‍ക്കഷണം . 
ഇന്ന്  ഒരു കൂട്ടായ്മയുടെ ദിനം ആയിരുന്നു . ഒരു സ്നേഹാലയത്തില്‍  നിന്നും വീടുകളുടെ സുരക്ഷിതത്വത്തിലേക്ക്  പോയ കുറെ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ഒത്തു ചേര്‍ന്ന ദിനം . കുറച്ചു നാള്‍ മുന്നേ സിസ്റര്‍ പറഞ്ഞ ഒരു സംഭവം ഉണ്ട്  .അഡോപ്ഷന്‍ കഴിഞ്ഞ്  അച്ഛന്‍അമ്മമാര്‍ക്ക് കുഞ്ഞു ജനിക്കുകയും ,പിന്നെ ആദ്യത്തെ കണ്മണി  അവഗണന അനുഭവിക്കേണ്ടി വരികയും ചെയ്ത ഒരവസ്ഥ . കൂട്ടായ്മക്ക് വന്നവരുടെ കാറുകള്‍ കണ്ടു  .. അച്ഛന്റെ  അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞു ചിരികള്‍ കണ്ടു ..
മനസ്സില്‍ ദുശ്ചിന്ത ആണു വന്നത് ... (ഒരു പ്രഭാതത്തില്‍  വീണ്ടും അനാഥന്‍ ആകേണ്ടി വന്ന  സിസ്റര്‍ പറഞ്ഞ കഥയിലെ കുഞ്ഞിന്റെ നൊമ്പരം മറക്കാന്‍ കാലം ആകാത്തത് കൊണ്ടോ എന്തോ..  ) അവര് മാത്രം മക്കള് ആവട്ടെ അവരുടെ അച്ഛന്‍  അമ്മമാര്‍ക്ക് എന്ന ചിന്ത ..

Tuesday, November 2, 2010

കെണിയില്‍ പെട്ട ആത്മാവുകള്‍

ഒരു കുപ്പി  അതില്‍ കുനിഞ്ഞിരിക്കുന്ന ആണ്‍‍ രൂപം ..  Trapped Soul  എന്ന അടിക്കുറിപ്പും   ഇതായിരുന്നു സെപ്തംബര്‍ ലക്കം   മനുഷ്യസ്നേഹി മാസികയുടെ കവര്‍ പേജ് . ലഹരി എന്ന തലക്കെട്ടോടെ  എഡിറ്റോറിയല്‍ , ബോബി അച്ചന്‍
( ഫാദര്‍ ബോബി ജോസ് കപ്പൂച്ചിന്‍ )  എഴുതുന്നത്.
 
"ദീര്‍ഘ കാലം തടവറയില്‍ ചിലവഴിച്ച ഒരാള്‍ തന്റെ ആത്മകഥക്ക് ഇട്ട പേരു ആണു നഷ്ടപ്പെട്ട  സംവത്സരങ്ങള്‍ . ഏതൊരു അല്കഹോളിക്കിന്റെയും ആത്മകഥക്ക് യീ പേര്‍ നന്നായി ചേരും "

ഈയിടെ മലയാളത്തിനു നഷ്ടം ആയ കലാകാരന്‍മാരെ കുറിച്ചും അച്ചന്‍ പറയുന്നുണ്ട് . കൂടാതെ ഒരു കുഞ്ഞു പെണ്‍കുട്ടിയെ ഓര്‍ത്തെടുക്കുന്നു  , പിതാവ്  കുടിച്ചു ഉടുമുണ്ടില്ലാതെ ഓടയില്‍ കിടന്നു കൂക്കി വിളിക്കപ്പെടുക എന്ന കലാപരിപാടി നടന്നത് കണ്ടു ഇനി സ്കൂളിലെക്കില്ല എന്ന തീരുമാനം എടുത്ത ഒരു കുട്ടി .അയാള്‍ക്കെന്തു സംഭവിക്കുന്നു എന്ന് ചിന്തിക്കുന്നതിനെക്കാള്‍ അയാള്‍ക്ക് ചുറ്റും ഉള്ളവര്‍ക്ക് എന്ത് സംഭവിച്ചിരിക്കും എന്ന് ചിന്തിപ്പിക്കുന്നത് ആ പഴയ ഓര്‍മ്മ ആണു . " ആ മരത്തെയും മറന്നു " എന്ന മീര ( K R മീര ആവണം അറിയില്ല ) യുടെ കഥയിലെ നഗരത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു മകളെയും .മകളുടെ അച്ചന്‍ മദ്യഷാപ്പില്‍ സ്വയം മറന്നു .കുട്ടി തെരുവില്‍  ഒറ്റക്ക്..

"ഒരിക്കെ തിരുവനന്തപുരത്ത് വച്ചു  പുസ്തകങ്ങളില്‍ മാത്രം   പരിചയം ഉള്ള ഒരു കവി ഭൂമിയോളം വിനീതന്‍ ആയി അയാള്‍ക്ക് പോലും വിശ്വാസ്യത തോന്നാത്ത കള്ളം പറഞ്ഞ് കള്ളിന് കാശ് ചോദിക്കുന്നു . വടക്കൊരിടത്ത്  ഒരു സത്രത്തിന്റെ ടെറസ്സില്‍ നിന്നും ഭൂമി മലയാളത്തില്‍ ഏറ്റവും സാധ്യത ഉണ്ടായിരുന്ന ഒരു ചലച്ചിത്രകാരന്‍ നിരത്തിലേക്ക് വഴുതി വീണു മരിക്കുന്നു .ജോണ്
.സങ്കടം മായിക്കാന്‍ എന്ന് ചിലര്‍ .ധൈര്യം തരുന്നു എന്ന് ചിലര്‍ .മദ്യം ഉണ്ടാക്കുന്ന മായ പ്രപന്ച്ചത്തെക്കള്‍ കഠിനം ആണു മദ്യത്തെ കുറിച്ചുള്ള മായ വിചാരങ്ങള്‍ . .."


മനുഷ്യസ്നേഹി മാസിക തപാലില്‍ കിട്ടി  വായിച്ചു രണ്ടാം ദിവസം ആണു പാലക്കാട്‌ ദുരന്തം പത്രത്തില്‍ നിറഞ്ഞത്. വീണ്ടും പത്രത്താളുകളില്‍ പതിവുപോലെ ദുരന്ത കാഴ്ചകള്‍ . പിന്നെ പയ്യെ പയ്യെ എല്ലാം ശാന്തം .എല്ലാ ദുരന്തങ്ങളെ പോലെ ഇതും .ദുരന്തങ്ങളുടെ യഥാര്‍ത്ഥ ഇരകള്‍ മാത്രം ബാക്കിയാവുന്നു എന്നേക്കുമായി .

 ബോബി അച്ചന്‍ എഴുതിയത് പോലെ കുപ്പിക്കുള്ളിലെ ദ്രാവകത്തെ  മാജിക് വാട്ടര്‍ എന്ന് വിളിക്കാന്‍ ആണു എനിക്കിഷ്ടം ..ഏറ്റവും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കേണ്ടിയിരുന്ന ചിലരുടെ ജീവിതം നൂറ്റി എണ്‍പത് ഡിഗ്രി തിരിച്ചു വിടാന്‍ കെല്‍പ്പുള്ള അത്ഭുത  ജലം

Thursday, June 17, 2010

കര്‍ക്കിടകം വരവായി. ,ദശപുഷ്പം വിടരുന്ന വഴിത്താരകളിലൂടെ , മുക്കുറ്റി ചാന്തിന്റെ സുഗന്ധം ഉള്ള ചില ഓര്‍മ്മകള്‍ ..

ഭാഗീരഥി ടീച്ചര്‍ ആണു ദശ പുഷ്പങ്ങളെ പരിചയപെടുത്തിയത് . എഴാം ക്ലാസില്‍ വച്ച്. ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്നു , കൂടാതെ ഭാഷ അധ്യാപികയും  . ഹിന്ദു (നായര്‍ ) യുവതികള്‍ കര്‍ക്കിടക മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍ ദശപുഷ്പം ചൂടും എന്നും മുക്കുറ്റി ചാന്ത് തൊടുമെന്നും ടീച്ചര്‍ അന്ന് പറഞ്ഞു തന്നു . അത് ടീച്ചര്‍ ന്റെ റിട്ടയര്‍മെന്റ് വര്ഷം ആയിരുന്നു. ഓര്‍മയില്‍ ഇപ്പോഴും ടീച്ചര്‍ നു ഒരേ രൂപമാണ്‌ .കസവില്ലാത്ത സെറ്റും മുണ്ടും , നെറ്റി നിറയെ ചന്ദനം , നരച്ച തുമ്പ് കെട്ടിയിട്ട മുടി  ഇതൊക്കെയായി ..
       മുക്കുറ്റി , പൂവാം കുരുന്നല്‍ , മുയല്‍ച്ചെവിയന്‍ (ഒരുച്ചുഴിയന്‍ ) എന്നീ  കക്ഷികളെ നേരത്തെ പരിചയം ഉണ്ടായിരുന്നു. പ്രൈമറി ക്ലാസുകളില്‍ എന്റെ കൂടെ പഠിക്കുകയും ഇടക്കെപ്പോഴോ ഒരു പടി കേറാന്‍ വൈകി എന്റെ അനിയന്റെ ക്ലാസില്‍ ആയിപ്പോയ രാമചന്ദ്രന്റെ വേലിപ്പടര്‍പ്പില്‍ നിന്നും അവന്‍റെ അമ്മൂമ്മ തിരുതാളിയെ  കാണിച്ചു തന്നു . വള്ളിഉഴിഞ്ഞ , കറുക എന്നിവരെ നേരത്തെ പരിചയം ഉണ്ടായിരുന്നു . പക്ഷെ അവരുടെ പേരുകള്‍ അപ്രകാരം ആണെന്നറിയാന്‍ വൈകി എന്ന് മാത്രം. നിലപ്പന പലയിടത്തും ഉണ്ടായിരുന്നു . കുഞ്ഞു മഞ്ഞ പൂക്കളും ഒക്കെ ആയി . പിന്നെ ചെറൂള , കയ്യുണ്യം എന്നിവരെയും പരിചയപ്പെട്ടു . വിഷ്ണു ക്രാന്തി (അതോ കൃഷ്ണ ക്രാന്തിയോ ?) അന്ന് ഒരു അപൂര്‍വ സംഭവം ആയിരുന്നു .
ടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞു   "ചിന്നമ്മേടെ  നാട്ടില്‍ ഒക്കെ ഉണ്ടാവും , ഇനി പോകുമ്പോ ഒന്ന് അന്വേഷിച് നോക്ക് എന്നോ മറ്റോ .." ചിന്നമ്മ എന്റെ അമ്മയാണ് , അതേ  സ്കൂളിലെ ടീച്ചര്‍ ആണു.. ഞങ്ങള്‍ടെ നാട് എന്ന് പറയുന്നത്  തൊടുപുഴക്കും അപ്പുറം തട്ടക്കുഴ എന്ന സ്ഥലമാണ്. ടീച്ചര്‍ ന്റെ വീട്ടില്‍ ഒരു ചട്ടിയില്‍ ഉണ്ട് എന്നും പറഞ്ഞു . അതിനടുത്ത ദിവസം സ്കൂളില്‍ പോയത് ഇടവഴിയിലൂടെ യാണ് .. കാരണം അങ്ങിനെ പോയാല്‍ ടീച്ചര്‍ ന്റെ വീടിനടുത്തൂടെ പോവാം . അന്ന് ടീച്ചര്‍ കൃഷ്ണക്രാന്തി കാണിച്ചു തന്നു . ഒരു സിമന്റ് ചട്ടിയില്‍ കുഞ്ഞു കുഞ്ഞു പൂക്കളും ആയി നിന്ന വിഷ്ണുക്രന്തിയെ ഒരു ദിവ്യ വസ്തു എന്ന മട്ടില്‍ ഞാന്‍ നോക്കി നിന്നത് ഇപ്പഴും ഓര്‍മ്മയുണ്ട്!.
     ആ വര്ഷം അവധിക്കു നാട്ടില്‍ പോയപ്പോള്‍ തട്ടക്കുഴ അമ്മയോട് യീ കാര്യം അവതരിപ്പിച്ചു .അമ്മയും ഞാനും കൂടി വിഷ്ണുക്രാന്തിയെ തേടി കാരകുന്ന് മല മുഴുവന്‍ കയറിയിറങ്ങിയത് ഓര്‍ക്കുന്നു . പിന്നെ മൂന്നു വര്‍ഷവും ഞങ്ങള്‍ ക്ലാസ്സില്‍ എല്ലാരും തന്നെ കര്‍ക്കിടക മാസം ദശ പുഷ്പം ചൂടുമായിരുന്നു. മുക്കുറ്റി  ചാന്തും തൊടാന്‍ മറന്നിരുന്നില്ല .എല്ലാരും  പുല്ലും പച്ചിലയും ഒക്കെ തലയില്‍ വച്ചോ ,  ക്ലാസ്സില്‍ ആട് കയറിവരും എന്നൊക്കെ ആണ്‍കുട്ടികള്‍ പരിഹസിച്ചിരുന്നു .
       പിന്നെ പ്രീ ഡിഗ്രീ പഠന കാലത്തും ഞങ്ങള്‍ പതിവ് തെറ്റിച്ചില്ല , ഞങ്ങള്‍ പത്തോളം കൂട്ടുകാര്‍ക്കു ഒരു കായല്‍ അപ്പുറം ഉള്ള കോളേജില്‍ ആണു അഡ്മിഷന്‍ കിട്ടിയത് . ചിലപ്പോഴൊക്കെ ബോട്ടില്‍ വച്ച് ആയിരിക്കും ദശ പുഷ്പം distribute  ചെയ്യുക . പരിചയമുള്ള അന്റിമാര്‍ക്ക് കൊടുക്കാനും ഞങ്ങള്‍ മടി കാണിച്ചിരുന്നില്ല .
      കാലം എന്റെ ജീവിതം പറിച്ചു നട്ടത് കളമശ്ശേരിയിലേക്ക് ആണു .  അവിടെ ചുവന്ന മണ്ണ് ആയിരുന്നു , എന്റെ അമ്മവീട്ടിലെത് പോലെ .പാടത്തിന്റെ കരയില്‍ കയ്യുന്യവും ,വള്ളി ഉഴിഞ്ഞയും ഒരുപാട് ഉണ്ടായിരുന്നു . വീട്ടില്‍ വന്നിരുന്ന അമ്മൂമ്മയോട് ഒരിക്കല്‍ ഞാന്‍ കൃഷ്ണക്രന്തിയെ കുറിച്ച് അന്വേഷിച്ചു . ഇവിടെ ഒക്കെ ഉണ്ടായിരുന്നു മോളെ ഇപ്പൊ കാണാനില്ല എന്നായിരുന്നുമറുപടി .
            രണ്ടു വര്ഷം മുമ്പ് ഒരിക്കല്‍ മോന്റെ ഡോക്ടറെ കാണാന്‍ പോയതാണ് . ഡോക്ടറെ കണ്ടു  റോഡിലേക്കുള്ള വഴിയില്‍ നിറയെ കുഞ്ഞു നീല പൂക്കള്‍ .. അവിടെ നിറയെ കൃഷ്ണക്രാന്തി ആയിരുന്നു .ഞാന്‍ അന്ന് വീണ്ടും പഴയ പന്ത്രണ്ട് വയസ്സുകാരി യായി . ഷീജ ഡോക്ടര്‍ തന്ന കുറിപ്പടിയും മൊബൈലും ഒക്കെ ഒരു കൈയില്‍ ഒതുക്കി ഞാന്‍ അവിടെ കുത്തിയിരുന്നു കൃഷ്ണക്രാന്തി പറിച്ചു . വേര്‌ ഒന്നും പോവാതെ ശ്രദ്ധയോടെ ...
പിന്നീട് രണ്ടു വര്ഷം ഞാന്‍ ഒരു സെന്‍ട്രല്‍ സ്കൂളില്‍ കമ്പ്യൂട്ടര്‍ അധ്യാപികയായി  ജോലി നോക്കിയിരുന്നു .  ഒരു വര്ഷം കര്‍ക്കിടകത്തില്‍ ഞാന്‍ ദശപുഷ്പം ചൂടുകയും , ടീചെര്മാര്‍ക്ക് കൊടുക്കുകയും ചെയ്തു . കണക്കു ടീച്ചര്‍ മോളോട് പറഞ്ഞുവെന്ന്   "നിന്നെപോലെ  ഒരുത്തി എനിക്ക് സ്കൂളില്‍ ഉണ്ട് ,അവള്‍ ആണു എനിക്കിതൊക്കെ കൊണ്ടേ തന്നത് എന്ന് .."   . ലൈബ്രറി യിലെ സാര്‍ ചോദിച്ചു  അത്ഭുതത്തോടെ  "കമ്പ്യൂട്ടര്‍ ടീച്ചര്‍ ദശപുഷ്പം ചൂടുമോ ? "  . "എന്തെ സര്‍ , ദശപുഷ്പതിനും അയിത്തം ഉണ്ടോ ?" എന്നായി ഞാന്‍ .   ദശപുഷ്പം ചൂടിയാല്‍ , മുക്കുറ്റി ചാന്ത് തൊട്ടാല്‍ , ചന്ദന കുറി ഇട്ടാല്‍  ഒക്കെ  കണ്ണുരുട്ടി കാണിക്കുന്ന ദൈവമാണ് എന്റേത്  എന്ന വിശ്വാസം എനിക്കില്ല . വീടിനടുത്തുള്ള അമ്പലത്തിനു മുന്നിലൂടെ പോമ്പോ "ദൈവമേ " എന്ന ചിന്ത വന്നാല്‍  ന്യായവിധി ദിനത്തില്‍ ദൈവം എന്നെ പരീക്ഷിക്കും , ചോദ്യം ചെയ്യും എന്നും ഞാന്‍ കരുതുന്നില്ല .
ഭാഗീരഥി ടീച്ചര്‍ ഇന്ന് ഓര്‍മ്മയാണ് . പ്രൈമറി ക്ലാസുകളില്‍ കൂടെ ഉണ്ടായിരുന്ന , സുധി എന്ന് വിളിച്ചിരുന്ന സുധീറിനെ കഴിഞ്ഞ വര്ഷം മഞ്ഞപ്പിത്തം കൂട്ടിക്കൊണ്ടു പോയി .  തട്ടക്കുഴ അമ്മ എന്ന് വിളിച്ചിരുന്ന മമ്മീടെ അമ്മ മരിച്ചിട്ട് വര്‍ഷങ്ങളായിരിക്കുന്നു   . കണ്ണാന്തളി പൂക്കള്‍ വിരിഞ്ഞു നിന്നിരുന്ന കയ്യാണി എന്ന് വിളിപ്പേരുള്ള  പാടത്തിനു നടുവിലൂടെ ഒഴുകുന്ന കുഞ്ഞു തോട് , പാടം ,അമ്മവീട്   , കുഞ്ഞു ന്നളില്‍ ഓടിക്കളിച്ച്ചു വളര്‍ന്ന വിശാലമായ തൊടി ,  ഒക്കെ അന്യാധീനപ്പെട്ടു പോയി . ഓര്‍മകളില്‍ സമൃദ്ധമാണ് .. എല്ലാം ...എല്ലാവരും ..