Pages

Wednesday, January 18, 2012

നക്ഷത്രങ്ങള്‍ പറഞ്ഞത് , പറയാതിരുന്നതും ..



   മുത്തശ്ശിയുടെ  കാല്‍പ്പെട്ടിക്കു  ഉള്ളിലായിരുന്നു  ഞാന്‍ ആദ്യമായിട്ട്   നരച്ച ഇളം പിങ്ക് നിറത്തില്‍ ഉള്ള ആ ചെറിയ പുസ്തകം കാണുന്നത് . അത് എന്റെ ജാതകം ആണ് ന്നും , എന്നെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ആ ചെറിയ പുസ്തകത്തിനു ഉള്ളില്‍ ഉണ്ട് ന്നും മുത്തശി എനിക്ക് പറഞ്ഞു തന്നു .  മുത്തശ്ശി അമ്പലത്തില്‍ ധരിക്കാന്‍ ഉപയോഗിച്ചിരുന്ന  മുണ്ടും നേര്യതും , കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങള്‍ ഒക്കെയും സൂക്ഷിച്ചിരുന്ന  ആ കുഞ്ഞു പെട്ടി   തുറക്കുമ്പോള്‍ കര്‍പ്പൂരത്തിന്റെ നേരിയ സുഗന്ധമായിരുന്നു എന്ന് ഓര്‍ക്കുന്നു .പടര്‍ന്നു നരച്ചു തുടങ്ങിയ  പഴുതാരയെ ഓര്‍മ്മിപ്പിക്കുന്ന അക്ഷരങ്ങളാല്‍   ഇത്രമാണ്ട് ഇത്ര ദിനം  ഈ നക്ഷത്രില്‍ ജനിച്ച എന്റെ  ജാതകം എന്നോ മറ്റോ എഴുതപ്പെട്ടിരുന്നു . അടക്കാന്‍ ആവാത്ത കൌതുകത്തോടെ  തുറന്നു നോക്കിയപ്പോഴേക്കും മുത്തശി  വന്നു ,  അവനവന്റെ ജാതകം വായിച്ചു കൂടാ  മോളെ ദോഷം ആണ് എന്ന് പറഞ്ഞു അത് വാങ്ങി പെട്ടിക്കുള്ളില്‍ സൂക്ഷിച്ചു വച്ചു .

ആ അവധിക്കാലത്ത്‌ എന്റെ ചിന്ത മുഴുവന്‍ ആ പുസ്തകത്തില്‍ ആയിരുന്നു . എന്തായിരിക്കാം അതില്‍ എഴുതിയിട്ടുണ്ടാവുക എന്ന് ചിന്തിച്ചു  , കുറച്ചു കൂടി വലുതാവുമ്പോ ഞാന്‍ അത് തീര്‍ച്ചയായും വായിക്കും എന്ന് മനസ്സിലുറപ്പിച്ചു .  അധികം വൈകാതെ തന്നെ  അത് വായിക്കാന്‍ ഉള്ള സാഹചര്യം കിട്ടി .വായിച്ചാല്‍ ദോഷം ഉണ്ടാവുമോ   എന്ന ചിന്തയെ തോല്‍പ്പിച്ചത്  അതിലെന്താണ് ഇത്ര എഴുതിയേക്കുന്നത് എന്ന ജിജ്ഞാസ ആയിരുന്നു .ചാതുരപ്പെട്ടികളില്‍ അക്ഷരങ്ങള്‍ കാണപ്പെട്ടു ആദ്യ പേജില്‍ തന്നെ .  . ജന്മ സമയത്തെ ഗ്രഹങ്ങളുടെ  സ്ഥാനം അങ്ങിനെ എന്തോ ആണ് അത് ന്നു   അത് എന്ന് പിന്നീട് എപ്പഴോ ആരോ പറഞ്ഞു തന്നു . ഏതോ ഗ്രഹം എവിടെയോ നില്‍ക്കുന്നു അതിനാല്‍  ഇങ്ങനെ ഫലം , അതിനാല്‍ അങ്ങനെ ഫലം എന്ന മട്ടില്‍ ആയിരുന്നു കാര്യങ്ങളുടെ പോക്ക് . ഇത് നല്ല രസമുണ്ടല്ലോ എന്ന് ചിന്തിച്ചു വായിച്ചു തുടങ്ങിയപ്പോള്‍ ആണ്
അമ്മക്ക്  ദോഷമയിട്ടുള്ള ജനനം ആണ് ന്നുള്ള  വരികള്‍ കണ്ണില്‍ പെടുന്നത് . ജന്മ സമയം മാതാവിന് അരിഷ്ടതകള്‍ സമ്മാനിക്കും എന്നൊരു വരി ഓര്‍ക്കുന്നു . അതിനടുത്ത വരികള്‍ അതിനും അപ്പുറം എന്തൊക്കെയോ പറഞ്ഞു തന്നു . 

തല കണ്ടപ്പോള്‍ മുതല്‍ എന്റെ പെണ്ണിന് സമാധാനം കിട്ടിയിട്ടില്ല എന്നൊരു ശാപ വാക്ക് ഓര്‍മ്മയുണ്ട് . എന്തൊക്കെയോ കുരുത്തക്കേട്‌ ഒരു ഏഴു വയസ്സുകാരി ഒപ്പിക്കുന്നതിന്റെ ഇടയില്‍ ഒരുപാട് ഭാരങ്ങളും ദുരിതങ്ങളും പേറിയ , അതിനും അപ്പുറം മകളുടെ സങ്കടങ്ങള്‍ കണ്ടു മടുത്ത ഒരു അമ്മയുടെ വക ആയിരുന്നു അത്. മുത്തശി അപ്പൊ ന്റെ ജാതകം വായിച്ചിരിക്കണം , അതാവണം അന്നോക്കേം അങ്ങിനെ പറയാന്‍ പറ്റീത് എന്നൊരു ഭയങ്കര കണ്ടുപിടുത്തം  ആ ജാതകവും കൈയ്യില്‍ പിടിച്ചും കൊണ്ട് ആ സമയം ഞാന്‍ അവിടെ ഇരുന്നു നടത്തി . 
                                      പിന്നീട് പറഞ്ഞതൊക്കെയും നല്ല കാര്യങ്ങള്‍ ആയിരുന്നു . അലസങ്ങളായ നേത്രങ്ങള്‍ ഉള്ളവള്‍ ആണ് ഞാന്‍ എന്ന് പറഞ്ഞു തന്നു ആ കുഞ്ഞു പുസ്തകം . കൈ കാലുകള്‍ക്ക് ആയതം
ഉള്ളവള്‍ ,പിന്നെ    നല്ല ആളുകളാല്‍ ബഹുമാനിക്കപ്പെടുന്നവള്‍ ആയിരിക്കുമെന്നും  . ദൂര ദേശങ്ങളില്‍ പ്രശസ്തി അര്‍ജിക്കുന്നവള്‍ ആയും ഫലം എന്നൊക്കെയും ആ പഴയ വായനയുടെ ശകലങ്ങള്‍ ആയി ഓര്‍മ്മയില്‍ വരുന്ന കാര്യങ്ങള്‍ ആണ് . കൂടാതെ  വാക് സാമര്‍ധ്ധ്യം കൊണ്ട് ആരാലും തോല്‍പ്പിക്കപെടാത്തവല്‍ ആണ് എന്നൊരു വാചകവും ഓര്‍ക്കുന്നു .    ഓരോ വാചകത്തിനും മുന്നില്‍ നക്ഷത്രങ്ങള്‍ എവിടൊക്കെയോ നില്‍ക്കുന്നു എന്നോ രാശിയുടെ കാര്യങ്ങളോ ഒക്കെയും ഉണ്ടായിരുന്നു താനും .
                       വായന മുഴുമിപ്പിച്ച് എന്തൊക്കെയോ മനസ്സിലാക്കിയും അതിലേറെ മനസ്സിലാക്കാതെയും പുസ്തകം മുത്തശ്ശീടെ പെട്ടിയില്‍ വെച്ചപ്പോഴും മനസ്സില് ആദ്യം വായിച്ച ആ വരികള്‍ ഏല്‍പ്പിച്ച പോറല്‍ ബാക്കിയായിരുന്നു . ഞാന്‍ ഉണ്ടായത് കൊണ്ട് ആവുമോ അമ്മക്ക് ഇത്രേം സങ്കടം ഒക്കേം ഉണ്ടായത്  ? ഒരു പക്ഷെ ഞാന്‍ ഇല്ലായിരുന്നെങ്കി അമ്മക്ക് ഇങ്ങനെന്നും വരില്ലായിരുന്നല്ലോ എന്നൊക്കെയുള്ള ചിന്ത ആയിരുന്നു സന്ധ്യക്ക്‌ നാമം ജപിക്കാന്‍ ഇരുന്നപ്പോള്‍ പോലും .
         പിന്നെയും എത്രയോ കാലം കഴിഞ്ഞാണ് അമ്മായി എന്നോട് അക്കാര്യം പറഞ്ഞു തന്നത് . വിവാഹത്തെ പറ്റി . ഗര്‍ഭിണിയാണ് എന്നറിഞ്ഞപ്പോള്‍ ഇപ്പോള്‍ കുഞ്ഞു വേണ്ട അബോര്റ്റ് ചെയ്യാം എന്നും ഉള്ള  തീരുമാനം ആയിരുന്നു അച്ചന്റെത് എന്നും , അമ്മയുടെ ആഗ്രഹം കൊണ്ട് മാത്രമാണ് ഭൂമിയിലേക്ക് ഉള്ള വരവിനുള്ള ഭാഗ്യം എനിക്ക് കിട്ടിയതെന്ന് , തീര്‍ന്നില്ല , ആ വരവിലെക്കായി ആമ്മ ഒരുങ്ങിയ ദിവസങ്ങളില്‍ , എന്നെയും കൊണ്ട്  അമ്മയ്ടെ വീട്ടില്‍ ആയിരുന്ന സമയത്താണ് അച്ഛന്‍  അച്ഛന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങിയത് എന്നും    അമ്മായി പറഞ്ഞു തന്നു . മനസ്സിലേക്ക് ആ പിങ്ക് നിറമുള്ള പഴയ പുസ്തകത്തിലെ വരികള്‍ ഓര്‍മ്മ വന്നു .
                     മുത്തശിയുടെ മരണശേഷം  ഒരുപാട് വര്‍ഷങ്ങളോളം അമ്മയുടെ അലമാരിക്കുള്ളില്‍ എവിടെയോ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരുന്നു ആ പുസ്തകം .പേജുകള്‍ നിറം മങ്ങി ഇളം മഞ്ഞയായി കാണപ്പെട്ടിരുന്നു . അക്ഷരങ്ങള്‍ക്കും പഴക്കം ബാധിച്ചു വിളര്‍ച്ച തോന്നിച്ചിരുന്നു ......... 

            .  വേദനയുടെ ഇടവേളകളില്‍ എപ്പോഴോ ഞാന്‍ അടുത്ത ബെഡ് ലേ സ്മിതയോടു പറഞ്ഞു . " സ്മിത നമുക്ക് ഇന്ന് വാവ ഉണ്ടാവാന്‍ പോണത് നന്നായി , എന്താന്ന് അറിയോ ? ഞാന്‍ വീട്ടില്‍ നിന്നു ഇറങ്ങാന്‍ നേരം കലണ്ടര്‍ ലേക്ക് പാളി നോക്കിയിരുന്നു , ഇന്ന് പുണര്‍തം ആണ് നാള് ,  നാളെ ആണെങ്കി പൂയം ആണ് , പൂയത്തിനു കാല് ന്നും പറഞ്ഞു ദോഷം ഉണ്ട് ,  ന്നു കേട്ടിട്ടുണ്ട്  " . മോനെന്നെ അധികം വേദനിപ്പിച്ചില്ല   "  ഇത്രേള്ളൂ വേദന ? ഇതിനാണോ ടീവീലും  സിനിമേലും ഒക്കേം പെണ്ണുങ്ങള്‍ ഒക്കേം അലറി കരയേം  ബോധം കെടുകയും ഒക്കേം ചെയ്യുന്നേ "   ന്നു  ഞാന്‍ ഉറക്കെ തന്നെ ആണ് ചോദിച്ചത് . ഡോക്ടര്‍ സ്നേഹത്തോടെ തലയില്‍ തലോടി .  " മോനു ഇരട്ടച്ചുഴിയന്‍ ആണ് , അത് ഭാഗ്യാണ്  " ഡോക്ടര്‍ പറഞ്ഞു.  "അവന്‍റെ അച്ഛന്റെ തലയിലും ഇരട്ട ചുഴി ഉണ്ട് , ഡോക്ടര്‍  " എന്നായി ഞാന്‍. അമ്മയുടെ പുസ്തകശേഖരത്തിന്റെ ഇടയില്‍ നിന്നും എന്റെ ജാതകം അപ്രത്യക്ഷം ആയത് ഈ ദിവസങ്ങളില്‍ എന്നോ ആയിരുന്നു  ന്നു തോന്നണു . ഇടയ്ക്കിടെ ഞാന്‍ ഓര്‍ക്കാറുണ്ട് , കുട്ടി ആയിരുന്ന കാലത്ത് എന്നെ ഒരുപാട് അമ്പരപ്പിച്ച , നൊമ്പരപ്പെടുത്തിയ  , എന്റെ ഒരുപാട് ശീലങ്ങളെ  , എന്നെ പറ്റിയുള്ള ഒരുപാട് കാര്യങ്ങള്‍ എഴുതി വച്ചിരുന്ന ആ ചെറിയ പുസ്തകത്തെ പറ്റി ...
 

Sunday, January 8, 2012

സ്വപ്നം


ജോലിസ്ഥലത്ത്  അത്രക്കൊന്നും തിരക്കില്ലായിരുന്ന ഒരു ദിവസമായിരുന്നു അപ്രതീക്ഷിതമായി അമ്മയുടെ ഫോണ്‍ വന്നത് . ടീച്ചര്‍ വെന്റിലെട്ടരില്‍ ആണ്  പ്രതീക്ഷ വേണ്ട എന്ന് ഡോക്ടര്‍മാര്‍  അറിയിച്ചു എന്ന്  പറഞ്ഞു . അമ്മയുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു . ഒരു ഹാഫ് ലീവും എഴുതി വച്ച്  റൂമും പൂട്ടി  ഇറങ്ങാന്‍ അധികം നേരം ഒന്നും വേണ്ടി വന്നില്ല .

.എന്റെ അമ്മയും ടീച്ചര്‍ ഉം  ഒരേ ദിവസം ജോലിയില്‍ പ്രവേശിച്ചവര്‍ ആയിരുന്നു .പത്ത് മുപ്പത് വര്‍ഷത്തോളം ഒരേ സ്കൂളില്‍ . പ്രിയപ്പെട്ട കൂട്ടുകാരിയുടെ അമ്മ മാത്രമായിരുന്നില്ല ടീച്ചര്‍ എനിക്ക് എനിക്ക് അമ്മ തന്നെ ആയിരുന്നു അവരും . കുഞ്ചീ  എന്നല്ലാതെ ടീച്ചര്‍ വിളിച്ചിരുന്നില്ല എന്നെ . കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും അമ്മ പറഞ്ഞത് ടീച്ചര്‍ സുഖായി ഇരിക്കുന്നു , പ്രകൃതി ചികിത്സക്ക് ശേഷം ഹാര്‍ട്ട്‌ ന്റെ അസുഖത്തിന് നന്നായി കുറവുണ്ട് എന്നയിരുന്നുവല്ലോ എന്നോക്കേം ഓര്‍ത്തു ഞാന്‍ .

ഐ സി യു വിനു മുന്നേ അധികം പേര്‍ ഉണ്ടായിരുന്നില്ല . ആരെയും കാത്തുനില്‍ക്കാതെ ആരെങ്കിലും ബന്ധുക്കള്‍ ഉണ്ടോ എന്ന് അറിയാന്‍ ഉള്ള സാമാന്യ മര്യാദ പോലും ഓര്‍ക്കാതെ സിസ്റ്റര്‍ റൂം തുറന്നപ്പോഴേ അകത്തേക്ക്  കയറി  ചെന്ന്  . പാതി ഉയര്‍ത്തി വെക്കപ്പെട്ടിരുന്ന ഹോസ്പിറ്റല്‍ ബെഡില്‍ തല ചെരിച്ചു കണ്ണടച്  ടീച്ചര്‍ കിടന്നിരുന്നു.  ചങ്ക് പൊട്ടുന്ന തേങ്ങലിനെ പല്ല് കടിച്ചു പിടിച്ചു  ശബ്ദമില്ലാതാക്കി  ഞാന്‍ അരികിലേക്ക് ചെന്ന് . എനിക്ക് ടീച്ചര്‍ നെ തൊടണം എന്ന് തോന്നി  .അല്ലെങ്കില്‍ പിന്നെ എനിക്കൊരിക്കലും അതിനവില്ലെന്നും . വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഞാന്‍ ടീച്ചര്‍ ന്റെ തണുത്ത മുഖത്ത് തലോടി



                                           .വീട്ടിലേക്കുള്ള വഴിയില്‍ ഞാന്‍ ടീച്ചര്‍ ന്റെ ഒപ്പം തന്നെ ആയിരുന്നു .ടീച്ചര്‍ ന്റെ വീട്ടില്‍ കയറാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല കുട്ടിക്കാലത്ത് . രാവിലെ സ്കൂളില്‍ പോകുന്ന വഴി അവിടെ കയറി അരമതിലില്‍ ഇരിക്കുന്ന ചന്ദനം എടുത്ത് നെറ്റിയില്‍ തൊട്ട് , വാഴയിലയിലെ തുളസി ഇലയും തെച്ചി പൂവും ഒക്കേം എടുത്ത് മുടീല്‍ വച്ച്  അല്ലാണ്ട്  സ്കൂളിലേക്ക് പോയിരുന്നില്ല . അവിടെ എന്റെ പ്രിയ പ്പെട്ട കൂട്ടുകാരിയും ഉണ്ടായിരുന്നു . സ്കൂളിലെ തന്നെ എന്തെങ്കിലും തിരക്കായി അമ്മ വൈകുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ ഇവിടെ തന്നെ ആയിരുന്നു അമ്മയെ കാത്തിരുന്നത് . അവല്‍ വിളയിച്ച്ചതിനും ചക്ക അടക്കും ഒക്കെ ടീച്ചര്‍ ഉണ്ടാക്കിത്തരുന്നതിന്റെ രുചി ഇല്ല എന്നും പറഞ്ഞു എത്രയോ വട്ടം അമ്മയോട് വഴക്ക കൂടിയിരിക്കുന്നു . വീട്ടില്‍ ചെല്ലുന്ന ഇടവേളകളില്‍  പറ്റും പോലെ ഓടി ചെന്ന്  ടീച്ചര്‍ നെ കാണാന്‍  മറന്നിരുന്നില്ല  താനും 
 
                                   

 . സുഖമില്ലാത്ത , ഭക്ഷണം കഴിക്കാന്‍ പോലും സഹായം വേണ്ടി വന്ന രണ്ടു പേരെ വീട്ടില്‍ ശുശ്രൂഷിക്കുന്ന കാലം ആയിരുന്നു . അതുകൊണ്ട് ടീച്ചര്‍ നെ ഇടക്കൊക്കെ പോയ്‌ കാണാന്‍ പോലും ആവുന്നില്ലെന്ന  സങ്കടം  അമ്മ മിക്കപ്പോഴും പറഞ്ഞിരുന്നു .

പുതിയെ വീടിന്റെ ഉമ്മറത്ത്‌ ടീച്ചര്‍ കണ്ണടച്ച്  കിടന്നിരുന്നു . തലക്കീല്‍ നിലവിളക്ക് കത്തുന്നുണ്ടായിരുന്നു. ചങ്ക് പൊട്ടി കരയുന്ന എന്റെ കൂട്ടുകാരിയുടെ  അടുത്ത് പോയി ഇരുന്നു  , അവളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആവാതെ .


....

                                  ചെറുതായി മുഷിഞ്ഞു തുടങ്ങിയ സെറ്റ് മുണ്ട് ഒക്കേം ഉടുത്ത് ആ പഴേ കുഞ്ഞ് വീടിന്റെ വരാന്തയില്‍ ടീച്ചര്‍ ഇരുന്നു . പതിവ് പോലെ അര മതിലില്‍ ഞാനും . അവിടിരുന്നു കുറെ നേരം സംസാരിച്ചു . ടീച്ചര്‍ ചിരിക്കുന്നുണ്ടായിരുന്നു . സംസാരത്തിന്റെ ഇടവേളകില്‍ എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ ചുറ്റും ഇരുട്ടായിരുന്നു . ടീച്ചര്‍ , അവരുടേ ആ പഴേ കുഞ്ഞ് വീട് ഇതൊന്നും ഇപ്പൊ ഇല്ലെന്നും ഞാന്‍ എന്റെ കിടപ്പ് മുറിയില്‍ ഉറങ്ങുകയായിരുന്നുവെന്നും പതുക്കെ എനിക്ക് ബോധ്യപ്പെട്ടു . ടീച്ചര്‍ പറഞ്ഞോണ്ട് ഇരുന്നത് മുഴുവന്‍ കേള്‍ക്കണം ന്നു തോന്നി . ആ വീട്ടില്‍ പോണമെന്നും അവരുടേ അടുത്ത് ഇരിക്കണം ന്നും ഒക്കേം എനിക്ക് വല്ലാണ്ട്  ആഗ്രഹം തോന്നി   . ആ വെന്റിലെട്ടര്‍ മുറി  , അവരെ അവസാനമായി സ്പര്‍ശിച്ചത് ഒക്കേം ഓര്‍ത്ത് ഞാന്‍ തലയിണയില്‍ മുഖമമര്‍ത്തി ശബ്ദം ഇല്ലാതെ കരഞ്ഞു . അടുത്ത് ശാന്തമായി ഉറങ്ങുന്നവരെ ഉണര്‍ത്താതെ വേണമല്ലോ . എനിക്കിനി ഉറങ്ങാന്‍ ആവില്ലെന്ന് ഉറപ്പായിരുന്നു . കിളികള്‍ കരയുന്ന പുലരിക്കു കാതോര്‍ത്ത് ഉറങ്ങാതെ ഒരു രാത്രി കൂടി . ഞാന്‍ ഓര്‍മ്മകളെ ആണോ എന്നെ ഓര്‍മ്മകള്‍ ആണോ ചുമന്ന് കൊണ്ട് നടക്കുന്നത് എന്നു ചിന്തിച്ചു കൊണ്ട് . ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്  ഒരിക്കലും കാണാന്‍ , മിണ്ടാന്‍ പറ്റാത്ത വിധം ഒരുപാട് ദൂരേക്ക്‌ പോയ ചിലരുടെ ഓര്‍മ്മകള്‍ എന്നില്‍  എത്രമാത്രം പച്ച പിടിച്ചിരിക്കുന്നു എന്ന്  സ്വപ്നങ്ങളുടെ കാവല്‍ മാലാഖ മാര്‍ക്ക് അറിയാമായിരിക്കണം. അത് കൊണ്ടാവണം അവരെയും കൊണ്ട്  എന്റെ സ്വപ്നങ്ങളില്‍ വരാനും എന്നോട് ഒത്തിരീം സംസാരിക്കനും ഒക്കേം ഉള്ള കരുണ മാലാഖമാര്‍ കാണിക്കുന്നത് .