Pages

Thursday, June 17, 2010

കര്‍ക്കിടകം വരവായി. ,ദശപുഷ്പം വിടരുന്ന വഴിത്താരകളിലൂടെ , മുക്കുറ്റി ചാന്തിന്റെ സുഗന്ധം ഉള്ള ചില ഓര്‍മ്മകള്‍ ..

ഭാഗീരഥി ടീച്ചര്‍ ആണു ദശ പുഷ്പങ്ങളെ പരിചയപെടുത്തിയത് . എഴാം ക്ലാസില്‍ വച്ച്. ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്നു , കൂടാതെ ഭാഷ അധ്യാപികയും  . ഹിന്ദു (നായര്‍ ) യുവതികള്‍ കര്‍ക്കിടക മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍ ദശപുഷ്പം ചൂടും എന്നും മുക്കുറ്റി ചാന്ത് തൊടുമെന്നും ടീച്ചര്‍ അന്ന് പറഞ്ഞു തന്നു . അത് ടീച്ചര്‍ ന്റെ റിട്ടയര്‍മെന്റ് വര്ഷം ആയിരുന്നു. ഓര്‍മയില്‍ ഇപ്പോഴും ടീച്ചര്‍ നു ഒരേ രൂപമാണ്‌ .കസവില്ലാത്ത സെറ്റും മുണ്ടും , നെറ്റി നിറയെ ചന്ദനം , നരച്ച തുമ്പ് കെട്ടിയിട്ട മുടി  ഇതൊക്കെയായി ..
       മുക്കുറ്റി , പൂവാം കുരുന്നല്‍ , മുയല്‍ച്ചെവിയന്‍ (ഒരുച്ചുഴിയന്‍ ) എന്നീ  കക്ഷികളെ നേരത്തെ പരിചയം ഉണ്ടായിരുന്നു. പ്രൈമറി ക്ലാസുകളില്‍ എന്റെ കൂടെ പഠിക്കുകയും ഇടക്കെപ്പോഴോ ഒരു പടി കേറാന്‍ വൈകി എന്റെ അനിയന്റെ ക്ലാസില്‍ ആയിപ്പോയ രാമചന്ദ്രന്റെ വേലിപ്പടര്‍പ്പില്‍ നിന്നും അവന്‍റെ അമ്മൂമ്മ തിരുതാളിയെ  കാണിച്ചു തന്നു . വള്ളിഉഴിഞ്ഞ , കറുക എന്നിവരെ നേരത്തെ പരിചയം ഉണ്ടായിരുന്നു . പക്ഷെ അവരുടെ പേരുകള്‍ അപ്രകാരം ആണെന്നറിയാന്‍ വൈകി എന്ന് മാത്രം. നിലപ്പന പലയിടത്തും ഉണ്ടായിരുന്നു . കുഞ്ഞു മഞ്ഞ പൂക്കളും ഒക്കെ ആയി . പിന്നെ ചെറൂള , കയ്യുണ്യം എന്നിവരെയും പരിചയപ്പെട്ടു . വിഷ്ണു ക്രാന്തി (അതോ കൃഷ്ണ ക്രാന്തിയോ ?) അന്ന് ഒരു അപൂര്‍വ സംഭവം ആയിരുന്നു .
ടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞു   "ചിന്നമ്മേടെ  നാട്ടില്‍ ഒക്കെ ഉണ്ടാവും , ഇനി പോകുമ്പോ ഒന്ന് അന്വേഷിച് നോക്ക് എന്നോ മറ്റോ .." ചിന്നമ്മ എന്റെ അമ്മയാണ് , അതേ  സ്കൂളിലെ ടീച്ചര്‍ ആണു.. ഞങ്ങള്‍ടെ നാട് എന്ന് പറയുന്നത്  തൊടുപുഴക്കും അപ്പുറം തട്ടക്കുഴ എന്ന സ്ഥലമാണ്. ടീച്ചര്‍ ന്റെ വീട്ടില്‍ ഒരു ചട്ടിയില്‍ ഉണ്ട് എന്നും പറഞ്ഞു . അതിനടുത്ത ദിവസം സ്കൂളില്‍ പോയത് ഇടവഴിയിലൂടെ യാണ് .. കാരണം അങ്ങിനെ പോയാല്‍ ടീച്ചര്‍ ന്റെ വീടിനടുത്തൂടെ പോവാം . അന്ന് ടീച്ചര്‍ കൃഷ്ണക്രാന്തി കാണിച്ചു തന്നു . ഒരു സിമന്റ് ചട്ടിയില്‍ കുഞ്ഞു കുഞ്ഞു പൂക്കളും ആയി നിന്ന വിഷ്ണുക്രന്തിയെ ഒരു ദിവ്യ വസ്തു എന്ന മട്ടില്‍ ഞാന്‍ നോക്കി നിന്നത് ഇപ്പഴും ഓര്‍മ്മയുണ്ട്!.
     ആ വര്ഷം അവധിക്കു നാട്ടില്‍ പോയപ്പോള്‍ തട്ടക്കുഴ അമ്മയോട് യീ കാര്യം അവതരിപ്പിച്ചു .അമ്മയും ഞാനും കൂടി വിഷ്ണുക്രാന്തിയെ തേടി കാരകുന്ന് മല മുഴുവന്‍ കയറിയിറങ്ങിയത് ഓര്‍ക്കുന്നു . പിന്നെ മൂന്നു വര്‍ഷവും ഞങ്ങള്‍ ക്ലാസ്സില്‍ എല്ലാരും തന്നെ കര്‍ക്കിടക മാസം ദശ പുഷ്പം ചൂടുമായിരുന്നു. മുക്കുറ്റി  ചാന്തും തൊടാന്‍ മറന്നിരുന്നില്ല .എല്ലാരും  പുല്ലും പച്ചിലയും ഒക്കെ തലയില്‍ വച്ചോ ,  ക്ലാസ്സില്‍ ആട് കയറിവരും എന്നൊക്കെ ആണ്‍കുട്ടികള്‍ പരിഹസിച്ചിരുന്നു .
       പിന്നെ പ്രീ ഡിഗ്രീ പഠന കാലത്തും ഞങ്ങള്‍ പതിവ് തെറ്റിച്ചില്ല , ഞങ്ങള്‍ പത്തോളം കൂട്ടുകാര്‍ക്കു ഒരു കായല്‍ അപ്പുറം ഉള്ള കോളേജില്‍ ആണു അഡ്മിഷന്‍ കിട്ടിയത് . ചിലപ്പോഴൊക്കെ ബോട്ടില്‍ വച്ച് ആയിരിക്കും ദശ പുഷ്പം distribute  ചെയ്യുക . പരിചയമുള്ള അന്റിമാര്‍ക്ക് കൊടുക്കാനും ഞങ്ങള്‍ മടി കാണിച്ചിരുന്നില്ല .
      കാലം എന്റെ ജീവിതം പറിച്ചു നട്ടത് കളമശ്ശേരിയിലേക്ക് ആണു .  അവിടെ ചുവന്ന മണ്ണ് ആയിരുന്നു , എന്റെ അമ്മവീട്ടിലെത് പോലെ .പാടത്തിന്റെ കരയില്‍ കയ്യുന്യവും ,വള്ളി ഉഴിഞ്ഞയും ഒരുപാട് ഉണ്ടായിരുന്നു . വീട്ടില്‍ വന്നിരുന്ന അമ്മൂമ്മയോട് ഒരിക്കല്‍ ഞാന്‍ കൃഷ്ണക്രന്തിയെ കുറിച്ച് അന്വേഷിച്ചു . ഇവിടെ ഒക്കെ ഉണ്ടായിരുന്നു മോളെ ഇപ്പൊ കാണാനില്ല എന്നായിരുന്നുമറുപടി .
            രണ്ടു വര്ഷം മുമ്പ് ഒരിക്കല്‍ മോന്റെ ഡോക്ടറെ കാണാന്‍ പോയതാണ് . ഡോക്ടറെ കണ്ടു  റോഡിലേക്കുള്ള വഴിയില്‍ നിറയെ കുഞ്ഞു നീല പൂക്കള്‍ .. അവിടെ നിറയെ കൃഷ്ണക്രാന്തി ആയിരുന്നു .ഞാന്‍ അന്ന് വീണ്ടും പഴയ പന്ത്രണ്ട് വയസ്സുകാരി യായി . ഷീജ ഡോക്ടര്‍ തന്ന കുറിപ്പടിയും മൊബൈലും ഒക്കെ ഒരു കൈയില്‍ ഒതുക്കി ഞാന്‍ അവിടെ കുത്തിയിരുന്നു കൃഷ്ണക്രാന്തി പറിച്ചു . വേര്‌ ഒന്നും പോവാതെ ശ്രദ്ധയോടെ ...
പിന്നീട് രണ്ടു വര്ഷം ഞാന്‍ ഒരു സെന്‍ട്രല്‍ സ്കൂളില്‍ കമ്പ്യൂട്ടര്‍ അധ്യാപികയായി  ജോലി നോക്കിയിരുന്നു .  ഒരു വര്ഷം കര്‍ക്കിടകത്തില്‍ ഞാന്‍ ദശപുഷ്പം ചൂടുകയും , ടീചെര്മാര്‍ക്ക് കൊടുക്കുകയും ചെയ്തു . കണക്കു ടീച്ചര്‍ മോളോട് പറഞ്ഞുവെന്ന്   "നിന്നെപോലെ  ഒരുത്തി എനിക്ക് സ്കൂളില്‍ ഉണ്ട് ,അവള്‍ ആണു എനിക്കിതൊക്കെ കൊണ്ടേ തന്നത് എന്ന് .."   . ലൈബ്രറി യിലെ സാര്‍ ചോദിച്ചു  അത്ഭുതത്തോടെ  "കമ്പ്യൂട്ടര്‍ ടീച്ചര്‍ ദശപുഷ്പം ചൂടുമോ ? "  . "എന്തെ സര്‍ , ദശപുഷ്പതിനും അയിത്തം ഉണ്ടോ ?" എന്നായി ഞാന്‍ .   ദശപുഷ്പം ചൂടിയാല്‍ , മുക്കുറ്റി ചാന്ത് തൊട്ടാല്‍ , ചന്ദന കുറി ഇട്ടാല്‍  ഒക്കെ  കണ്ണുരുട്ടി കാണിക്കുന്ന ദൈവമാണ് എന്റേത്  എന്ന വിശ്വാസം എനിക്കില്ല . വീടിനടുത്തുള്ള അമ്പലത്തിനു മുന്നിലൂടെ പോമ്പോ "ദൈവമേ " എന്ന ചിന്ത വന്നാല്‍  ന്യായവിധി ദിനത്തില്‍ ദൈവം എന്നെ പരീക്ഷിക്കും , ചോദ്യം ചെയ്യും എന്നും ഞാന്‍ കരുതുന്നില്ല .
ഭാഗീരഥി ടീച്ചര്‍ ഇന്ന് ഓര്‍മ്മയാണ് . പ്രൈമറി ക്ലാസുകളില്‍ കൂടെ ഉണ്ടായിരുന്ന , സുധി എന്ന് വിളിച്ചിരുന്ന സുധീറിനെ കഴിഞ്ഞ വര്ഷം മഞ്ഞപ്പിത്തം കൂട്ടിക്കൊണ്ടു പോയി .  തട്ടക്കുഴ അമ്മ എന്ന് വിളിച്ചിരുന്ന മമ്മീടെ അമ്മ മരിച്ചിട്ട് വര്‍ഷങ്ങളായിരിക്കുന്നു   . കണ്ണാന്തളി പൂക്കള്‍ വിരിഞ്ഞു നിന്നിരുന്ന കയ്യാണി എന്ന് വിളിപ്പേരുള്ള  പാടത്തിനു നടുവിലൂടെ ഒഴുകുന്ന കുഞ്ഞു തോട് , പാടം ,അമ്മവീട്   , കുഞ്ഞു ന്നളില്‍ ഓടിക്കളിച്ച്ചു വളര്‍ന്ന വിശാലമായ തൊടി ,  ഒക്കെ അന്യാധീനപ്പെട്ടു പോയി . ഓര്‍മകളില്‍ സമൃദ്ധമാണ് .. എല്ലാം ...എല്ലാവരും ..